SHARE

ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനം നിലവിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാന ചർച്ചാ വിഷയമാണ്‌. കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശർമ്മ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ. എന്നാൽ കോഹ്ലി ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹവും രോഹിത് ശർമ്മയുമായി പല തരത്തിലുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്ന തരത്തിൽ വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു‌. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നവുമില്ലെന്നും ഇരുവരും ഒന്നായി കൂടിച്ചേർന്നാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അഭിപ്രായപ്പെടുന്ന മുൻ പാക് ഓപ്പണർ സൽമാൻ ബട്ട്, കോഹ്ലിയിൽ നിന്ന് രോഹിത് ശർമ്മ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസി ഏറ്റെടുക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.

“കോഹ്ലി വളരെ മനോഹരമായാണ് പ്രവർത്തിച്ചത് (ക്യാപ്റ്റൻ സ്ഥാനത്ത്). ഇന്ത്യക്ക് പറ്റിയ ഒരു പകരക്കാരനുമുണ്ട് (നായക സ്ഥാനത്ത്). അത് കൊണ്ട് കോഹ്ലി നായക സ്ഥാനം വിടുന്നത് ഒരു തരത്തിലും ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല. ഒത്തിരി കണക്കുകൂട്ടലുകൾക്ക് ശേഷമെടുത്ത തീരുമാനമാണിത്. കോഹ്ലിയും, രോഹിതും ശ്രീലങ്കയുടെ മഹേല ജയവർധനയേയും, കുമാർ സംഗക്കാരയേയും പോലെയാണ്.”

“ക്യാപ്റ്റൻസി അവർക്കിടയിൽ മാറി. എന്നാൽ അവർ ഒരുമിച്ച് പ്രവർത്തിക്കുകയും, തീരുമാനങ്ങളെടുക്കുകയും ചെയ്തു. അതു പോലെ ടി20 ക്രിക്കറ്റിൽ കോഹ്ലിയിൽ നിന്ന് രോഹിത് ചുമതലയേറ്റാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് വളരെ മികച്ച രീതിയിൽ ഒരു ടീമായി പ്രവർത്തിക്കാൻ സാധിക്കും”. തന്റെ യൂടൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ സൽമാൻ ബട്ട് പറഞ്ഞു‌.