SHARE

വലിയ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇംഗ്ലീഷ് മണ്ണിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനുമാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ്‌ ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. എഡ്ബ്ഗ്‌സ്റ്റണിൽ നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. അഞ്ച് മത്സരങ്ങളടകുന്ന പരമ്പരയിൽ ഇന്ത്യ 2-0 ന് പിന്നിലാണ്.

അതേസമയം മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഏറെ പഴികേൾക്കുക. ഇരുവരും ബി സി സി ഐക്ക് മുമ്പാകെയും മോശം പ്രകടനത്തിനുള്ള കാരണം വ്യക്തമാക്കേണ്ടിവരും. താരങ്ങൾക്കും ടീമിനും എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടും ടീമിന്റെ പ്രകടനം മോശമാണെങ്കിൽ അതിന് ടീം മാത്രമാകും ഉത്തരവാദി.

ഇന്ത്യൻ ടീമിന് പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും, പരിശീലനത്തിനും വിശ്രമത്തിനും ഉൾപ്പടെ സമയം ബോർഡ് നൽകിയതാണെന്നും മുതിർന്ന ബി സി സി ഐ ഒഫീഷ്യൽ അഭിപ്രായപ്പെട്ടു. സൗത്ത് ആഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് ശേഷം ടീം പറഞ്ഞ വാദങ്ങൾ ഇതൊക്കെയായിരുന്നു. അതിനനുസരിച്ചാണ് ഇംഗ്ലണ്ടിൽ മത്സരങ്ങൾ ക്രമീകരിച്ചത്. ഇന്ത്യൻ സീനിയർ ടീം എത്തുന്നതിന് മുമ്പേ ഇന്ത്യൻ എ ടീമിനൊപ്പം സീനിയർ താരങ്ങളെ അയച്ചതിനും കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപെടാനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ടീമിനാവശ്യമായതും അവർ ആവശ്യപ്പെട്ടതുമായ എല്ലാ സൗകര്യങ്ങളും ബോർഡ്‌ ചെയ്തു നൽകി, പക്ഷെ ഫലം ഉണ്ടായില്ല. അത്കൊണ്ട് തന്നെ അതിനുത്തരം തേടാനുള്ള എല്ലാ അവകാശങ്ങളും ബോർഡിനുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 18 ന് നോട്ടിങ്ഹാമിലാണ് മൂന്നാം ടെസ്റ്റ്‌.