SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി വിശേഷിക്കപ്പെടുന്ന താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്തും. ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങൾ കളിക്കുന്ന ടീമുകളുടെ നായകന്മാരുമാണ് ഇവർ. കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുമ്പോൾ, സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. അതേ സമയം ലോകക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഇവർ ഇരുവരും മുൻപ് ഐപിഎൽ ടീമിൽ സഹതാരങ്ങളായിരുന്നു എന്നത് ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികൾക്കും അറിയില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം എഡിഷനിൽ, അതായത് 2010 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലായിരുന്നു സ്റ്റീവ് സ്മിത്തും, വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ ഒരുമിച്ച് കളിച്ചത്. ബാംഗ്ലൂരിന്റെ താരമായിരുന്ന ജെസി റൈഡറിന് ആ സീസണിൽ കളിക്കാൻ കഴിയാതെ വന്നതോടെ റൈഡറിന് പകരക്കാരനായാണ് സ്മിത്ത് ബാംഗ്ലൂർ ടീമിലെത്തുന്നത്. സീസൺ മുഴുവനും ബാംഗ്ലൂർ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇറങ്ങാൻ സ്മിത്തിന് അവസരം ലഭിച്ചില്ല.

അത്ഭുതമെന്ന് പറയട്ടെ ബാംഗ്ലൂർ ടീമിനൊപ്പമുള്ള സ്മിത്തിന്റെ ഒരു ഫോട്ടോ പോലും ആരും കണ്ടിട്ടില്ല. അതേ സമയം 2011 ലെ ഐപിഎൽ ലേലത്തിന് മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുകയും, തുടർന്ന് ആ വർഷത്തെ ഐപിഎൽ ലേലത്തിൽ കൊച്ചി ടസ്കേഴ്സ് കേരള സ്മിത്തിനെ സ്വന്തമാക്കുകയുമായിരുന്നു.