SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നഷ്ടമായത് തലനാരിഴയ്ക്ക്. ഈ വർഷം 31 വിജയങ്ങൾ ഇന്ത്യക്ക് നേടിക്കൊടുത്ത കോഹ്ലി നിലവിൽ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനൊപ്പം ഒന്നാം സ്ഥാനംപങ്കിടുകയാണ്. പോണ്ടിംഗിനെ മറി കടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ലങ്കയ്ക്കെതിരെയുള്ള മത്സരം സമനിലയിൽ അവസാനിച്ചതോടെ കോഹ്ലിക്ക് നഷ്ടമായത്.

2005 ലാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ റിക്കി പോണ്ടിംഗ് 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച് റെക്കോർഡ് കരസ്ഥമാക്കുന്നത്. 12 വർഷങ്ങൾക്കിപ്പുറം അതിനൊപ്പമെത്താൻ കോഹ്ലിക്ക് കഴിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച പുരോഗതിക്ക് തെളിവാണ്.

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും നായകനായതിന് ശേഷമുള്ള ആദ്യ വർഷമാണ് കോഹ്ലിക്കിത്. ആദ്യ തവണ തന്നെ ലോകറെക്കോർഡിനൊപ്പമെത്താൻ കഴിഞ്ഞത് അദ്ദേഹത്തിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചില്ലായിരുന്നെങ്കിൽ പോണ്ടിംഗിന്റെ റെക്കോർഡ് കോഹ്ലി പഴങ്കഥയാക്കും എന്നുറപ്പായിരുന്നു.

46 മത്സരങ്ങളിൽ നിന്നാണ് ഇരു ക്യാപ്റ്റന്മാരും 31 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ക്യാപ്റ്റൻസി ഏറ്റെടുത്ത് അധികമാകുന്നതിന് മുൻപേ ഇങ്ങനൊരു നേട്ടം കരസ്ഥമാക്കിയ കോഹ്ലി വരും വർഷങ്ങളിൽ ഇതിലും വലിയ വിജയങ്ങളിലേക്ക് ടീം ഇന്ത്യയെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.