SHARE

ലോക ക്രിക്കറ്റിലെ രാജാക്കന്മാരായി ഇന്ത്യ വിലസുന്ന സമയമാണിത്. മൂന്ന് ഫോർമ്മാറ്റിലും അതിശക്തരായ വിരാട് കോഹ്ലിയുടെ സംഘം എല്ലാ രാജ്യങ്ങളിലും മികച്ച പ്രകടനം നൽത്താൻ കെൽപ്പുള്ളവരുമാണ്. എന്നാൽ ഇങ്ങനെയാണെങ്കിലും ഐസിസി റാങ്കിംഗിന്റെ കാര്യമെടുത്താൽ ടി20 യിൽ ഇന്ത്യ അല്പം പിന്നിലാണെന്ന് കാണാം. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതും, ഏകദിന റാങ്കിംഗിൽ രണ്ടാമതുമുള്ള ഇന്ത്യ, ടി20 റാങ്കിംഗിൽ പക്ഷേ അഞ്ചാമതാണ്. തകർപ്പൻ ടീമായിട്ടും ടി20 റാങ്കിംഗിൽ മാത്രം ഇന്ത്യ ഇത്ര പിന്നിലായതിന് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നായകൻ വിരാട് കോഹ്ലി.

ടി20 മത്സരങ്ങളിൽ കളിക്കുമ്പോൾ റാങ്കിംഗ് തങ്ങൾ പരിഗണിക്കാറില്ലെന്നും, പകരം യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും കോഹ്ലി പറയുന്നു. ഇന്ത്യൻ നായകന്റെ വാക്കുകൾ ഇങ്ങനെ, “ക്രിക്കറ്റിന്റെ ചെറിയ ഫോർമ്മാറ്റിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ശ്രദ്ധിക്കുന്നത്. ടി20 യിൽ തങ്ങളുടെ ഏറ്റവും ശക്തമായ ടീമിനെ ഇന്ത്യ ഇത് വരെ കളിപ്പിച്ചിട്ടില്ല. കാരണം റാങ്കിംഗ് ഇവിടെ കണക്കിലെടുക്കാറില്ല. റാങ്കിംഗ് ശ്രദ്ധിക്കേണ്ടെന്ന രീതിയിലാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്‌”. വിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കോഹ്ലി പറഞ്ഞു.