SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഇതുവരെ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95-2 എന്ന നിലയിലാണ് ഇന്ത്യ. കോഹ്ലി 52 റണ്‍സെടുത്തും പൂജാര 21 റണ്‍സെടുത്തും ബാറ്റ് ചെയ്യുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ ഞെട്ടിച്ചിരുന്നു. റണ്ണൊടുമെടുക്കാതെ കെ എല്‍ രാഹുല്‍ പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ ബോര്‍ഡില്‍ വെറും ഏഴ് റൺസ്. തൊട്ടുപിറകെ എട്ട് റണ്‍സെടുത്ത് മുരളി വിജയും പുറത്തായതോടെ ഇന്ത്യയുടെ നിലപരുങ്ങലിലായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂജാരയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കര കയറ്റുകയായിരുന്നു.

ഒച്ചിഴയും വേഗത്തിലായിരുന്നു പൂജാരയുടെ ഇന്നിംഗ്‌സ്. ആദ്യ റണ്‍സെടുക്കാന്‍ 54 പന്തുകളാണ് പൂജാര നേരിട്ടത്. മറുവശത്ത് വിരാട് കോഹ്ലിയും കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്.  ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിി വെര്‍ണന്‍ ഫിലാന്‍ഡറും കഗിസോ റബാഡയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.