SHARE

ചരിത്രത്താളുകളില്‍ എഴുതപ്പെടുന്ന മത്സരമാണ് കൊല്‍ക്കൊത്തയില്‍ നടക്കുന്നത്. ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്. ഇതിനൊപ്പം തന്നെ മറ്റൊരു ചരിത്രവും കൂടി എഴുതിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നായകനെന്ന നിലയില്‍ ടെസ്റ്റില്‍ നിന്ന് 5000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് കോഹിലി സ്വന്തം പേരിലാക്കിയത്.

തന്റെ സ്‌കോര്‍ 32 റണ്‍സില്‍ എത്തിയപ്പോഴാണ് നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ റണ്‍സ് നേട്ടം അയ്യായിരത്തിലെത്തിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 4968 റണ്‍സായിരുന്നു മത്സരത്തിനിറങ്ങുമ്പോള്‍ കോഹ്‌ലിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി. ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍ ഗ്രെയിം സ്മിത്ത്, അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, ക്ലൈവ് ലോയ്ഡ്, സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവരാണ്.