SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം കേപ്ടൗണിലെ ന്യൂലാൻഡ്സ് ഗ്രൗണ്ടിൽ ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ 1-1 ന് തുല്യത പാലിക്കുന്നതിനാൽ ഇന്നത്തെ മത്സരം ഒരു ഫൈനലിന് തുല്യമാണ്. മത്സരത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ചില വിലപ്പെട്ട റെക്കോർഡുകളും ഇന്ന് കാത്തിരിക്കുന്നുണ്ട്.

ഇന്നത്തെ മത്സരത്തിൽ 17 റൺസ് നേടാൻ കഴിഞ്ഞാൽ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 2000 റൺസെടുക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനും ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാകാൻ കോഹ്ലിക്ക് കഴിയും. നിലവിൽ 57 മത്സരങ്ങളിൽ നിന്ന് 50.84 ശരാശരിയിൽ 1983 റണ്ണുകളാണ് ടി20 യിൽ കോഹ്ലിയുടെ സമ്പാദ്യം. 75 മത്സരങ്ങളിൽ 2271 റൺസ് നേടിയിട്ടുള്ള ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്തിലും, 71 മത്സരങ്ങളിൽ 2140 റൺസ് സ്വന്തമാക്കിയിട്ടുള്ള ന്യൂസിലൻഡിന്റെ തന്നെ ബ്രണ്ടൻ മക്കല്ലവുമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ താരങ്ങൾ.

അല്പം പ്രയാസമാണെങ്കിലും മറ്റൊരു റെക്കോർഡ് കൂടി മൂന്നാം ടി20 യിൽ കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ 129 റൺസ് നേടാൻ കഴിഞ്ഞാൽ ഒരു പരമ്പരയിൽ 1000 റൺസ് നേടുന്ന രണ്ടാം ക്രിക്കറ്ററെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാകും. നിലവിൽ 871 റൺസുകളാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കോഹ്ലി നേടിയിരിക്കുന്നത്. 1976 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ വെസ്റ്റിൻഡീസിന് വേണ്ടി 1045 റൺസടിച്ച ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സാണ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക ബാറ്റ്സ്മാൻ.