SHARE

ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് ഉടലെടുത്തത്. ഓരോ ഫോർമ്മാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാർ എന്ന സ്പ്ലിറ്റ് ക്യാപ്റ്റൻസി രീതി ഇന്ത്യയിലും കൊണ്ട് വരുമെന്നും, നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിതും, ടെസ്റ്റിൽ വിരാട് കോഹ്ലിയും നായകനാകുമെന്നും വാർത്തകൾ പുറത്ത് വന്നു. സോഷ്യൽ മീഡിയയിലും ഇക്കാര്യം വലിയ ചർച്ചയായി. കോഹ്ലിയെ ഏകദിനത്തിലെ ഇന്ത്യൻ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം രോഹിതിന് ഈ സ്ഥാനം നൽകണമെന്നും മുൻ താരങ്ങളടക്കമുള്ളവർ നിർദ്ദേശിച്ചു. ഇപ്പോളിതാ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി വിഷയത്തിൽ അഭിപ്രായം നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്.

വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനെന്ന് ഹോഗ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഐപിഎല്ലിൽ രോഹിത് തന്റെ ടീമിനെ, കോഹ്ലിയുടെ ടീമിനേക്കാളും കൂടുതൽ തവണ ഫൈനലിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ ക്യാപ്റ്റനാകാൻ ഏറ്റവും അർഹത കോഹ്ലിക്ക് തന്നെയാണ്.

ബാറ്റ് കൊണ്ടും ഫീൽഡിലും മുൻപിൽ നിന്ന് നയിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. കായികക്ഷമതയിൽ ഏറ്റവും മികവുള്ള ഇന്ത്യൻ താരമാണ് കോഹ്ലി. ഇതിനൊക്കെ ഉപരി നല്ലൊരു ടാക്ടീഷ്യൻ കൂടിയാണ് അദ്ദേഹം. ഇതൊക്കെ കൊണ്ട് അദ്ദേഹം തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ആവേണ്ടത്.” മുൻ ഓസീസ് സ്പിന്നർ പറഞ്ഞുനിർത്തി.