SHARE

മിന്നുന്ന ഫോമിൽ കളിക്കവെയാണ് കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു, ഇന്നലെ ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് തോറ്റത്. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള പഞ്ചാബിനോട് എട്ട് വിക്കറ്റിനാണ് ബം​ഗളുരു തോറ്റത്.

ബെം​ഗളുരു തോൽവി നേരിട്ടതിന്റെ ഒരു പ്രധാന കാരണമായി വിലയിരുത്തുന്നത്, ഏ.ബി. ഡിവില്ലിയേഴ്സിനെ ബാറ്റിങ് ഓർഡറിൽ വൈകിയിറക്കിയതാണ്. പതിവുള്ള നാലാം നമ്പർ പൊസിഷന് പകരം ഇന്നലെ ആറാമതായാണ് ഡിവില്ലിയേഴ്സ് ഇറങ്ങിയത്. വെറും അഞ്ച് പന്തിൽ നിന് രണ്ട് റൺസെടുത്ത് പുറത്താകുകയും ചെയ്തു ഈ ദക്ഷിണാഫ്രിക്കൻ താരം.

ഡിവില്ലിയേഴ്സിനെ വൈകിയിറക്കാനുള്ള തീരുമാനം അബദ്ധമായി പോയി എന്ന് വിമർശനമുയരുമ്പോഴും അതിനെ പ്രതിരോധിക്കുകയാണ് ബെം​ഗളുരു ക്യാപ്റ്റൻ വിരാട് കോഹ്ലി. തമ്മിൽ സംസാരിച്ചതിനുശേഷം, ഇടങ്കെ-വലങ്കൈ കോമ്പിനേഷൻ നിലനിർത്തുന്നതിനായാണ് ഡിവില്ലിയേഴ്സിനെ ആറാമതായി ഇറക്കിയതെന്നാണ് കോഹ്ലി പറയുന്നത്. ചില സമയങ്ങളിൽ എടുത്ത തീരുമാനങ്ങൾ വിജയം കാണില്ലെന്നും, 170 എന്നത് നല്ല ടോട്ടലാണെന്ന് കരുതിയെന്നും കോഹ്ലി മത്സരശേഷം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാലാമതായി ഇറങ്ങിയ ഡിവില്ലിയേഴ്സ് വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്നു. ഇന്നലെയും അങ്ങനെയൊരു പ്രകടനമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ വഷിങ്ടൻ സുന്ദർ, ശിവം ദുബെ എന്നിവരെ ഡിവില്ലിയേഴ്സ് മുമ്പ് ഇറക്കാനായിരുന്നു കോഹ്ലിയുടെ തീരുമാനം.