SHARE

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നു വരികയാണ്. പോയിന്റ് പട്ടികയെടുത്താല്‍ ഇന്ത്യ തന്നെയാണ് ഒന്നാമതും. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന സമ്പ്രദായം ശരിയല്ലെന്നും ഇത് തിരുത്തണമെന്നുമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറയുന്നത്.

ഇപ്പോള്‍ ഹോം മത്സരങ്ങള്‍ക്കും എവേ മത്സരങ്ങള്‍ക്കും ഒരേ പോയിന്റാണ് ടീമുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ എവേ മത്സരങ്ങള്‍ക്ക് ഹോം മത്സരങ്ങളുടെ ഇരട്ടി പോയിന്റ് നല്‍കണമെന്നും ആദ്യ എഡിഷന്‍ കഴിയുമ്പോള്‍ ഈ മാറ്റം വരുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ആഷസ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 2021 ല്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ നടക്കുക. ഒരു പരമ്പരയില്‍ പരമാവധി 120 പോയിന്റാണ് ഉള്ളത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 24 പോയിന്റാണ് ലഭിക്കുക എന്നാല്‍ പരമ്പര രണ്ടു മത്സരങ്ങളുടേതാണെങ്കില്‍ ഒരു വിജയത്തിന് 60 പോയിന്റ് ലഭിക്കും. ഇങ്ങനെ ആറു പരമ്പരകളാണ് ഒരു ടീം കളിക്കുക അതില്‍ മൂന്നെണ്ണം ഹോം മത്സരങ്ങളും മൂന്നെണ്ണം എവേ മത്സരങ്ങളും ആയിരിക്കും.