SHARE

ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി കയ്യടി വാങ്ങുകയാണ് വിരാട് കോഹ്ലി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 287 റണ്‍സിന് മുന്നില്‍ തകര്‍ന്നടിയുമ്പോള്‍ കോഹ്ലി നായകനായി ഉയിര്‍ത്തെണീറ്റത്. 9 വിക്കറ്റുകള്‍ നഷ്ടമായിട്ടും ഇംഗ്ലണ്ടിന്റെ സ്‌കോറിനോട് 13 റണ്‍സ് അകലെ വരെ എത്തിക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞു.

ഒടുവില്‍ 149 റണ്‍സെടുത്ത് കോഹ്ലി മടങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ പോലും എണീറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ 22ാമത്തെ സെഞ്ചുറിയാണ് കോഹ്ലി ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇതിലൂടെ ഒരു റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നിരിക്കുകയാണ് കോഹ്ലി. ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ നിന്ന് 22ാം സെഞ്ചുറി നേടുകയെന്ന റെക്കോര്‍ഡില്‍ നാലാം സ്ഥാനത്താണ് കോഹ്ലി എത്തിയത്.

113 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് കോഹ്ലി തന്റെ 22ാം സെഞ്ചുറി കുറിച്ചത്. 114 ഇന്നിംഗ്‌സുകളില്‍ നിന്ന് 22 സെഞ്ചുറി നേടിയ സച്ചിന്‍ ഇതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഡോണ്‍ ബ്രാഡ്മാന്‍ (58 ഇന്നിംഗ്‌സുകള്‍), സുനില്‍ ഗവാസ്‌കര്‍ (101), സ്റ്റീവ് സ്മിത്ത് (108) എന്നിവരാണ് ഈ റെക്കോര്‍ഡില്‍ കോഹ്ലിയുടെ മുന്നിലുള്ളത്.