SHARE

അടുത്ത വർഷം നടക്കാനിരിക്കുന്ന പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാഞ്ചൈസികൾ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി മെഗാലേലത്തിന് മുൻപ് ഏതൊക്കെ താരങ്ങളെ ടീമിൽ നിലനിർത്തണമെന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ഫ്രാഞ്ചൈസികൾക്കുള്ളിൽ നടന്നു കൊണ്ടിരിക്കുന്നത്. പല ഫ്രാഞ്ചൈസികളും ലേലത്തിന് മുൻപ് റിട്ടെയിൻ ചെയ്യേണ്ട കളികാർ ആരൊക്കെയാണെന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞതായാണ് സൂചന. എന്നാൽ രണ്ട് തവണ ഐപിഎൽ ചാമ്പ്യന്മാരായ, ഇക്കഴിഞ്ഞ ഐപിഎല്ലിലെ രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പത്തിലാണെന്നാണ് സൂചനകൾ.

തങ്ങളുടെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർമാരായ സുനിൽ നരൈൻ, ആന്ദ്രെ റസൽ എന്നിവരെ ടീമിൽ നിലനിർത്താൻ കൊൽക്കത്ത തീരുമാനിച്ചു കഴിഞ്ഞെന്നും ബാക്കിയുള്ള റിട്ടൻഷനുകൾ ഏതൊക്കെ താരങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നിഗൂഢ സ്പിന്നറെന്ന ലേബലുള്ള‌ വരുൺ ചക്രവർത്തിയെ ടീമിൽ നിലനിർത്താൻ കൊൽക്കത്ത ആഗ്രഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യൻ എക്സ്പ്രസ്, ശുഭ്മാൻഗിൽ, വെങ്കടേഷ് അയ്യർ എന്നിവരിൽ ആരെ നിലനിർത്തണമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണെന്നും പറയുന്നു. നിലനിർത്തുന്ന കളികാരുടെ പട്ടിക ബിസിസിഐക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം മുപ്പത് ആണെന്നതിനാൽ ഉടൻ തന്നെ ഇക്കാര്യത്തിൽ കൊൽക്കത്ത തീരുമാനമെടുക്കുമെന്നാണ് സൂചനകൾ.

അതേ സമയം പഴയ 8 ഫ്രാഞ്ചൈസികൾക്ക് പരമാവധി 4 താരങ്ങളേയും, പുതിയ 2 ടീമുകൾക്ക് പരമാവധി 3 താരങ്ങളേയുമാണ് ലേലത്തിന് മു‌ൻപ് ടീമിൽ നിലനിർത്താനാവുക. താരങ്ങളെ നിലനിർത്തുന്നത് അനുസരിച്ച് ടീമുകളുടെ പേഴ്സ് ബാലൻസിലും ഗണ്യമായ കുറവ് വരും. ഒരു താരത്തേയും നിലനിർത്താത്ത ഫ്രാഞ്ചൈസികൾക്കാവട്ടെ 90 കോടി രൂപയുമായി ഐപിഎല്ലിലെ‌ മെഗാലേലത്തിൽ പങ്കെടുക്കാൻ കഴിയും.

4 കളികാരെ ടീമിൽ നിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് മൊത്തം 42 കോടി രൂപയാകും അതിനായി മുടക്കേണ്ടി വരിക. നിലനിർത്തുന്ന ആദ്യത്തെ താരത്തിന് 16 കോടിയും, രണ്ടാമത്തെ താരത്തിന് 12 കോടി രൂപയും, മൂന്നാമത്തെ താരത്തിന് 8 കോടി രൂപയും, നാലാമത്തെ താരത്തിന് 6 കോടി രൂപയുമാകും ഇവർക്ക് നൽകേണ്ടി വരുക.