SHARE

ഐപിഎല്ലിലെ മോശം സീസണിനുശേഷം അടുത്തവര്‍ഷത്തേക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിശീലകരായ ജാക്വസ് കാലിസ്, സൈമണ്‍ കാറ്റിച്ച് എന്നിവര്‍ ടീം വിട്ടശേഷം ചില താരങ്ങളെയും ഒഴിവാക്കാന്‍ ഫ്രാഞ്ചൈസി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ലോകകപ്പില്‍ കിവികള്‍ക്കായി ഫെര്‍ഗൂസണ്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10.76 ശരാശരിയില്‍ വെറും രണ്ട് വിക്കറ്റാണ് നേടിയത്.

വിന്‍ഡീസ് ടി20 ക്യാപ്റ്റനെ അഞ്ചുകോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ പണത്തിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ താരത്തിനായില്ല. വെറും രണ്ട് മത്സരങ്ങളാണ് കളിച്ചത്. നേടിയതാകട്ടെ വെറും 11 റണ്‍സും. ദിനേഷ് കാര്‍ത്തിക്കിന്റെ കീഴില്‍ കളിച്ച കൊല്‍ക്കത്ത പ്ലേഓഫിലെത്താതെ പുറത്താകുകയും ചെയ്തു.