SHARE

മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ​ഗ്വാർഡിയോളയുടെ സഹപരിശീലകനാകാനുള്ള അവസരം തള്ളിക്കളഞ്ഞ് മുൻ ക്ലബ് നായകൻ വിൻസെന്റ് കോംപനി. ബെൽജിയം ക്ലബായ അൻഡർലെഷിനൊപ്പമുള്ള പ്ലെയർ-മാനേജർ ചുമതലയിൽ തുടരാനുള്ള താൽപര്യം ചൂണ്ടിക്കാട്ടിയാണ് കോംപനി പെപ്പിന്റെ ഓഫർ തള്ളിയത്.

മിക്കൽ അർറ്റേറ്റ ആഴ്സനൽ പരിശീലകസ്ഥാനമേറ്റെടുത്തോടെ ഒഴിഞ്ഞുകിടക്കുകയാണ് സിറ്റിയിൽ സ​​ഹപരിശീലസ്ഥാനം. വിഖ്യാത താരം സാബി അലോൺസോയെ ഇതിലേക്ക് പെപ്പ് പരി​ഗണിക്കുന്നതായി വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് കോംപനി ഓഫർ നിരസിച്ച വാർത്ത വരുന്നത്. സിറ്റിയുടെ നാല് പ്രീമിയർ ലീ​ഗ് കിരീടനേട്ടങ്ങളിലും ക്യാപ്റ്റനായിരുന്ന കോംപനി ഈ സീസണിലാണ് സ്വന്തം നാടായ ബെൽജിയത്തിലേക്ക് മടങ്ങിയത്.

കോംപനിയുടെ ബാല്യകാല ക്ലബായ ആൻഡർലെഷിൽ എന്നാൽ പ്ലെയർ മാനേജർ ജോലി താരത്തിന് അത്ര സുഖമുള്ളതല്ല. ടീമിന്റെ മോശം പ്രകടനത്തുടർന്ന് കോംപനി രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ക്ലബിനൊപ്പം 2022 വരെ കോംപനിക്ക് കരാറുണ്ട്, ഒപ്പം ക്ലബിൽ താരം പണം നിക്ഷേപിച്ചിട്ടുമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെൽജിയത്തിൽ തുടരാനുള്ള തീരുമാനം.