ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയ്ക്കെതിരായ തോൽവിക്ക് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളെ യുവതാരങ്ങളെ വിമർശിച്ച് വിഖ്യാത താരം ഐ.എം.വിജയൻ രംഗത്തെത്തിയിരുന്നു. മലയാളി താരം കെ.പി. രാഹുലിനെ ലക്ഷ്യമിട്ടായിരുന്നു മലയോള മനോരമയിലെഴുതിയ കോളത്തിൽ വിജയൻ നടത്തിയ വിമർശനം.
ഗ്രൗണ്ടിന് ചുറ്റും ഓടുന്നതും, ഡ്രിബിൾ ചെയ്യുന്നതും മുടിയുടെ നിറം മാറ്റുന്നതുമല്ല ഫുട്ബോൾ എന്നായിരുന്നു രാഹുലിനെ ലക്ഷ്യമിട്ട് വിജയൻ പറഞ്ഞത്. ഒപ്പം ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ ഒഡിഷയുടെ ജെറി മാമിൻതൻഹയിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് വിജയൻ വിമർശിച്ചു.
എന്നാൽ ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ബെംഗളുരുവിനെതിരായ മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി ബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ച് രാഹുൽ ഹീറോയായി. ഇതിനുശേഷം ഇന്ന് പത്രസമ്മേളനത്തിനെത്തിയ രാഹുലിനോട് വിജയൻ നടത്തിയ വിമർശനത്തെക്കുറിച്ച് ചോദ്യമുയർന്നു. എന്നാൽ അത് താൻ അവഗണിക്കുവെന്നാണ് രാഹുൽ പറഞ്ഞത്.
എന്ത് പറയണം എന്നുള്ളത് ഓരോ വ്യക്തികളുടേയും ഇഷ്ടമാണ്, അദ്ദേഹം പറഞ്ഞതിന്റെ ഉത്തരവാദിത്തവം അദ്ദേഹത്തിനാണ്, എനിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ല, രാഹുൽ വ്യക്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിലെ പ്രകടനത്തിനാണ് ഇപ്പോൾ പ്രാധാന്യമെന്നും ദേശീയ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു