SHARE

ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ കേരളത്തിന്റെ പ്രതീകമാണ് കെ.പി.രാഹുൽ എന്ന വിങ്ങർ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ബൂട്ടുകെട്ടിയ രാഹുൽ, ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനമാണ് സീസണിൽ നടത്തിയത്.

ഐ.എസ്.എൽ ഏഴാം സീസണിനിടെ വിഖ്യാത താരം ഐ.എം.വിജയൻ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജയന്റെ ആരോപണങ്ങളിൽ ചിലത് രാഹുലിനെ ഉന്നമിട്ടായിരുന്നു എന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ അതൊന്നും രാഹുലിനെ ബാധിച്ചിട്ടില്ല. തന്നെ ഫുട്ബോളിലേക്ക് എത്താൻ പ്രേരിപ്പിച്ചതും പിന്നീട് ഏറെ പ്രചോദിപ്പിച്ചതും വിജയനാണെന്നാണ് രാഹുൽ പറയുന്നത്. ഏ.ഐ.എഫ്.എഫ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്, ഐ.എം.വിജയൻ അതിലൊരാളാണ്, ഞങ്ങൾ ഒരേ നാട്ടുകാരാണ്, എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്, നാട്ടിൽ എല്ലായിടത്തും അദ്ദഹേത്തിന്റെ പേര് ഉയർന്നുകേൾക്കും, എന്റെ ചെറുപ്പത്തിൽ അദ്ദേഹം കളിക്കുന്നത് കണ്ടത് ഇപ്പോഴും ഓർമ്മയിലുണ്ട്, രാഹുൽ പറഞ്ഞു.

ഐ.എം.വിജയന് പുറമെ മലയാളികളായ മുഹമ്മദ് റാഫി, എൻ.പി.പ്രദീപ് എന്നിവരും തനിക്ക് നല്ല നിർദേശങ്ങളും ഉപദേശങ്ങളും തരാറുണ്ടെന്ന് രാഹുൽ പറഞ്ഞു. മുഹമ്മദ് റാഫി, തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.