SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഉദ്​ഘാടനമത്സരത്തിനിടെ പരുക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർതാരം കെപി രാഹുൽ ​ഗോവയിലെ ബയോബബിൾ വിടും. വിദ​ഗ്ധ പരിശോധനയ്ക്കായി മുംബൈയിലേക്ക് പോകാനായാണ് താരം ബയോബബിൾ വിടുന്നത്. ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

വെള്ളിയാഴ്ച എടികെ മോഹൻഡ ബ​ഗാനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഈ പോരാട്ടത്തിൽ റൈറ്റ് വിങ്ങറായി രാഹുൽ ആദ്യ ഇലവനിലുമിറങ്ങി. മത്സരത്തിൽ മറ്റൊരു മലയാളി താരം സഹൽ അബ്ദുൾ സമദ് നേടിയ ​ഗോളിന് വഴിയൊരുക്കിയത് രാഹുലാണ്. എന്നാൽ 30-ാം മിനിറ്റിൽ പരുക്കിനെത്തുടർന്ന് രാഹുലിനെ പിൻവലിക്കുകയായിരുന്നു. രാഹുലിന് പകരം കെ പ്രശാന്ത് ​ഗ്രൗണ്ടിലിറങ്ങുകയും ചെയ്തു.

രാഹുലിന്റെ കാലിലെ ഒരു പേശിക്കാണ് പരുക്കേറ്റതെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. താരത്തിന് ആറ് ആഴ്ചയോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നും മാർക്കസ് അറിയിച്ചു. തുടർന്നാണിപ്പോൾ ബ്ലാസ്റ്റേഴ്സ് തന്നെ രാഹുലിന്റെ പരുക്ക് സ്ഥിരീകരിച്ചത്.