SHARE

വാതുവയ്പ് ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് താല്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. വാതുവയ്പ് കേസില്‍ നടന്നു വരുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ ഇനി കെപിഎല്‍ മത്സരങ്ങള്‍ നടത്തു. കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ വിനയ് മൃത്യുജയ ആണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ക്രിക്കറ്റ് അസോസിയേഷനോട് നിരവധി വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിഎല്ലില്‍ കളിച്ച മുഴുവന്‍ താരങ്ങളുടേയും പേരുകള്‍ , പൂര്‍ണ്ണ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ടൂര്‍ണമെന്റില്‍ കളിച്ച ടീമുകളുടെ വിവരങ്ങള്‍, സ്‌കോറുകള്‍, മത്സരത്തിന്റെ വീഡിയോകള്‍ എന്നിവ ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടീം ഉടമ , താരങ്ങള്‍, പരിശീലകന്‍, ഒഫീഷ്യല്‍സ് എന്നിങ്ങനെ നിരവധി പേരാണ് ഇതിനോടകം വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കെപിഎല്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയില്ലെന്നും അന്വേഷണശേഷം മാത്രമെ മത്സരങ്ങള്‍ ഇനി നടത്തുവെന്നുമാണ് കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.