SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ്, ടി20 ടീമുകളെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ തിരിച്ച് വരവായിരുന്നു ടെസ്റ്റ് ടീമിലെ ഏറ്റവും ശ്രദ്ധേയ കാര്യം. പരിക്കിനെത്തുടർന്ന് ഏറെ നാൾ ടീമിന് വെളിയിലിരുന്നതിന് ശേഷമാണ് സാഹ ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്തിയത്. സാഹയ്ക്കൊപ്പം യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

അതേ സമയം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെക്കൂടി ടെസ്റ്റ് ടീം സെലക്ഷന് പരിഗണിച്ചിരുന്നുവെന്ന് ടീം പ്രഖ്യാപനത്തിനിടെ ഇന്ത്യൻ ടീം മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കി. ആന്ധ്ര പ്രദേശിന്റെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരതിന്റെ പേരാണ് പ്രസാദ് ചൂണ്ടിക്കാട്ടുന്നത്. ഋഷഭ് പന്തിന്റെ ബാക്കപ്പ് താരമെന്ന നിലയ്ക്ക് ഭരതിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് തങ്ങൾ ഗൗരവകരമായി ചിന്തിച്ചിരുന്നുവെന്നാണ് പ്രസാദ് വെളിപ്പെടുത്തിയത്. അതേ സമയം ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച അവസാന 11 മത്സരങ്ങളിൽ 3 സെഞ്ചുറിയും, 2 അർധ സെഞ്ചുറികളുമടക്കം 686 റൺസ് നേടിയ ഭരത് സ്വപ്ന ഫോമിലാണ് ഇപ്പോളുള്ളത്.

ഭരതിനെ ടീമിലേക്ക് പരിഗണിച്ചതിനെക്കുറിച്ച് പ്രസാദ് പറയുന്നതിങ്ങനെ, ” ഭരത് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്നതിന്റെ വക്കോളമെത്തിയിരുന്നു. എന്നാൽ ഒരു സീനിയർ താരം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന് അവസരം നൽകുന്ന രീതിയാണ് നമുക്കുള്ളത്. അത് കൊണ്ട് തന്നെ സാഹ പരിക്ക് മാറിയെത്തിയപ്പോൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ എ ടീമിന് വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുന്ന ഭരത് ടീം സെലക്ഷന് തൊട്ടരികെ വരെയെത്തിയിരുന്നു എന്നതാണ് സത്യം. ” പ്രസാദ് പറഞ്ഞുനിർത്തി.