SHARE

കേരള ഫുട്‌ബോളിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നിരാശ പകരുന്നൊരു വാര്‍ത്ത. ഇത്തവണത്തെ കേരള പ്രീമിയര്‍ ലീഗില്‍ (കെപിഎല്‍) കളിക്കേണ്ടതില്ലെന്ന് നിലവിലെ ചാമ്പ്യന്മാരായ കെഎസ്ഇബി തീരുമാനിച്ചു. ലീഗിന് ടീമിനെ അയയ്ക്കാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കെഎസ്ഇബിക്കൊപ്പം എജീസും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. 12 ടീമുകള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ലീഗ് ഇതോടെ പത്തു ടീമുകളായി കുറയും.

സന്തോഷ് ട്രോഫിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം കേരളം ചാമ്പ്യന്മാരായ നിമിഷത്തില്‍ തന്നെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ പകരുന്ന വാര്‍ത്ത എത്തുന്നത്. യാത്രകള്‍ക്കുള്ളത് ഉള്‍പ്പെടെ രണ്ടരലക്ഷം രൂപയാണു ടീമൊന്നിനു ചെലവു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ചാംപ്യന്‍ഷിപ് നേടിയതിന്റെ സമ്മാനത്തുകയായി രണ്ടു ലക്ഷം രൂപ വൈദ്യുതി ബോര്‍ഡ് ടീമിനു ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ ടീമിനെ അയയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കെഎസ്ഇബിയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കായിക പ്രേമികളുമായി ചേര്‍ന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനാണ് മുന്‍കാല താരങ്ങളുടെ തീരുമാനം. കേരള ഫുട്‌ബോളില്‍ ഒരുകാലത്ത് ശക്തമായ ടീമുകളിലൊന്നായിരുന്നു കെഎസ്ഇബിയും കേരള പോലീസും. കാലം മാറിയപ്പോള്‍ ഇരുടീമുകളുകളുടെയും പ്രതാപം അസ്തമിക്കുകയും ചെയ്തു. ഐഎസ്എല്ലില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഫുട്‌ബോള്‍ വളരുമ്പോള്‍ കെഎസ്ഇബിയുടെ ഭാഗത്തു നിന്നുള്ള ചുവടുമാറ്റം നിരാശജനകമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ്, ഗോകുലം കേരള എഫ്‌സി ടീമുകളും കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.