SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള
എകദിന പരമ്പരയിലെ ആറാമത്തേയും അവസാനത്തേയും മത്സരം ഇന്ന് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ നടക്കുകയാണ്. പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരം ചടങ്ങ് മാത്രമാണ്. എന്നാൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് അങ്ങനെയല്ല. മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമാകാൻ കുൽദീപിന് കഴിയും.

മുൻ ഇന്ത്യൻ പേസ് ബൗളർ ജവഗൽ ശ്രീനാഥിന്റെയും, സ്പിന്നർ അമിത് മിശ്രയുടേയും പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 18 വിക്കറ്റുകളാണ് ഇരുവരും ഒരു പരമ്പരയിൽ വീഴ്ത്തിയിരിക്കുന്നത്. നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ അക്കൗണ്ടിലുള്ള ഇന്ത്യൻ റിസ്റ്റ് സ്പിന്നർക്ക് മൂന്ന് വിക്കറ്റുകൾ കൂടി നേടാൻ കഴിഞ്ഞാൽ പരമ്പരയിലെ ആകെ വിക്കറ്റ് നേട്ടം 19 ആകും. ഇതോടെ ഇക്കാര്യത്തിലെ ഇന്ത്യൻ റെക്കോർഡ് തന്റെ പേരിലാക്കാനും താരത്തിന് കഴിയും.

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഏകദിന പരമ്പര നേടിയത് കുൽദീപ് യാദവ് – യുസ്വേന്ദ്ര ചഹൽ സ്പിൻ ജോഡിയുടെ തകർപ്പൻ ബോളിംഗ് പ്രകടനത്തിന്റെ ബലത്തിലായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ്, മൂന്നാമത്തേയും അഞ്ചാമത്തെയും ഏകദിനത്തിൽ 4 വിക്കറ്റുകൾ വീതവും, ഇന്ത്യ പരാജയപ്പെട്ട നാലാം ഏകദിനത്തിൽ 2 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.