SHARE

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ അശ്വിനാണോ കുൽദീപ് യാദവാണോ കളിക്കേണ്ടത് എന്ന കാര്യമാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ചർച്ച ചെയ്യുന്നത്. അതിനിടെ അശ്വൻ തന്നെ കളിക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസീസ് ഇതിഹാസതാരം മൈക്ക് ഹസ്സി. ഇംഗ്ലണ്ടിനെതിരായ ഏകദിന – ടി 20 മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുൽദീപ് യാദവ് ടെസ്റ്റ്‌ ടീമിലും അശ്വിനെ മറികടന്ന് കളിക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഹസ്സിയുടെ വാക്കുകൾ

“അശ്വിന് ടീമിൽ അർഹിക്കുന്ന പ്രാധിനിത്യം നൽകണം. ടെസ്റ്റ്‌ ക്രിക്കറ്റിൽ 300ൽ അധികം വിക്കറ്റുകൾ നേടിയ താരമാണ് അശ്വിൻ. ഇംഗ്ലണ്ട് മണ്ണിൽ ഇടംകൈയ്യൻ ബാറ്സ്മാന്മാർക്കെതിരെ അശ്വിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റും. അത് ഇന്ത്യയുടെ പ്രകടനത്തിലും നിർണ്ണായകമാകും. കുൽദീപ് നല്ല രീതിയിൽ പന്ത് എറിയുന്നുണ്ട്. പക്ഷെ അശ്വിനെ വിസ്മരിക്കരുത്. ” ഹസ്സി വ്യക്തമാക്കി.

നേരത്തെ ഈ വിഷയത്തിൽ ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. അശ്വിനെ ഒഴിവാക്കാനുള്ള നീക്കങ്ങളെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ചൈനമാൻ ബൗളറായി അറിയപ്പെടുന്ന 23 കാരനായ കുൽദീപ് ടീമിൽ ഇടംപിടിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് സെലക്ടർമാർ നേരിടുന്നത്. ഓഗസ്റ്റ് ഒന്നിന് ആരാകും ഇന്ത്യക്കായി കളിക്കുക എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം.