SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പക്ഷേ നാലാം ടെസ്റ്റിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെത്തിയിരുന്നു. ഓസീസിലെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ അഞ്ച് വിക്കറ്റുകൾ നേടി തകർപ്പൻ ബോളിംഗ് പ്രകടനമാണ് കുൽദീപ് കാഴ്ച വെച്ചത്‌. ഈ പ്രകടനത്തോടെ 64 വർഷം പഴക്കമുള്ള ഒരു റെക്കോർഡിനൊപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

സിഡ്നി ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ്, 64 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇടം കൈയ്യൻ റിസ്റ്റ് സ്പിന്നറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 1955 ൽ ഇതേ വേദിയിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച വെച്ച ജോണി വാർഡിലാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയ താരം. അന്ന് 79 റൺസ് വഴങ്ങിയായിരുന്നു വാർഡിലിന്റെ അഞ്ച് വിക്കറ്റ് നേട്ടം. പിന്നീട് 64 വർഷങ്ങൾക്കിടയിൽ മറ്റ് ഇടം കൈയ്യൻ റിസ്റ്റ് സ്പിന്നർമാർക്കൊന്നും ഓസീസിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്താനായിട്ടില്ല.