SHARE

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ യുവതാരം കുൽദീപ് യാദവ്, മഹേന്ദ്ര സിംഗ് ധോണിയുടെ കളിക്കളത്തിലെ നീക്കങ്ങൾക്കെതിരെ സംസാരിച്ചുവെന്ന രീതിയിൽ വാർത്ത പുറത്ത് വന്നത്. ധോണി കളിക്കളത്തിൽ ഒത്തിരി തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും എന്നാൽ അതേക്കുറിച്ച് നമുക്ക് അദ്ദേഹത്തോട് പറയാൻ കഴിയില്ലെന്നും കുൽദീപ് പറഞ്ഞതായാണ് വാർത്തകൾ വന്നത്. കുൽദീപ് ഇത്തരത്തിൽ ധോണിയെക്കുറിച്ച് പറഞ്ഞത് വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ഇപ്പോളിതാ വിവാദ‌ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കുൽദീപ് യാദവ്.

താൻ ധോണിയെക്കുറിച്ച് പറഞ്ഞെന്ന രീതിയിൽ പുറത്ത് വന്ന കാര്യങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും, മാധ്യമങ്ങൾ ഒരാവശ്യവുമില്ലാതെ ഇത് പോലുള്ള വാർത്തകൾ അടിച്ചുവിടുകയാണെന്നും കുൽദീപ് പറയുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്നും, താൻ ആരെക്കുറിച്ചും ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ കുൽദീപ്, മഹിഭായോട് തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കുൽദീപ്‌ വിവാദ സംഭവത്തിൽ വ്യക്തത വരുത്തിയത്.