SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലില്‍ തകര്‍ത്തടിച്ച ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ വീഴ്ത്തിയത് അംപയര്‍ കുമാര്‍ ധര്‍മസേനയുടെ തെറ്റായ തീരുമാനം. അംപയറിംഗ് നിലവാരം താഴേപ്പോയ ലോകകപ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായി ഇത് മാറി.

അര്‍ഹതപ്പെട്ട സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ലെന്ന സങ്കടത്തിലാണ് റോയിയുടെ മടക്കം. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയിയുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു.

ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ് നേടിയത്. അസംതൃപ്തിയോടെയായിരുന്നു റോയിയുടെ മടക്കം. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് റോയ് നടത്തുന്നത്.