SHARE

രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന താരമാണ് ഓസീസ് ഓൾ റൗണ്ടർ മോയിസസ് ഹെൻറിക്വസ്. മത്സരത്തിന് മുൻപുള്ള ടീമിന്റെ അവസാന കൂടിച്ചേരലിൽ ഹെൻറിക്വസിന് അരങ്ങേറ്റ തൊപ്പിയും നൽകിയിരുന്നു. പക്ഷേ കളിക്ക് തൊട്ട് മുൻപുള്ള പരിശീലനത്തിനിടെ താരത്തിന് പരിക്കേൽക്കുകയും, അവസാന നിമിഷം ടീമിൽ നിന്ന് പുറത്താവുകയുമായിരുന്നു.

മത്സരത്തിന് തൊട്ട് മുൻപുള്ള വാമപ്പിനിടെ ഹെൻറിക്വസിന്റെ കണ്ണങ്കാലിനാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് അവസാന നിമിഷം ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലറിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഹെൻറിക്വസിന്റെ പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഇത് വരെ പക്ഷേ അറിയാൻ കഴിഞ്ഞിട്ടില്ല. നേരത്തെ പരിക്കിനെത്തുടർന്ന് പഞ്ചാബ് ഈ സീസണിൽ സ്വന്തമാക്കിയ അത്ഭുത സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിൽ നിന്ന് പുറത്തായിരുന്നു.