SHARE

ഈ മാസം പതിനെട്ടാം തീയതി ജയ്പൂരിൽ നടന്ന ഐപിഎൽ താരലേലത്തിൽ അദ്ഭുത വില ലഭിച്ച താരങ്ങളിലൊരാളായിരുന്നു തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തി. അഭ്യന്തര ക്രിക്കറ്റിൽപ്പോലും അത്രയധികം‌ പരിചയസമ്പത്തില്ലാത്ത വരുണിനെ 8.4 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻപഞ്ചാബ് സ്വന്തമാക്കിയത്‌ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ ഇത്രയധികം പണം മുടക്കി വരുണിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്‌കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ സഹ ഉടമയായ പ്രീതി സിന്റ.

ഒരു നിഗൂഡ സ്പിന്നറായതിനാലാണ് വരുണിൽ തങ്ങൾ ഇത്രയും താല്പര്യം പ്രകടിപ്പിച്ചതെന്ന് പറഞ്ഞ പ്രീതി സിന്റ ഇങ്ങനെ കൂട്ടിച്ചേർത്തു, ” വരുൺ അങ്ങനെ അധികമാരും അറിയുന്ന ബോളറല്ല. അദ്ദേഹമൊരു നിഗൂഡ സ്പിന്നറാണ്. ഒരു ബാക്കപ്പ് സ്പിന്നറായി ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്ന താരവും. അധികം ഉപയോഗിക്കപ്പെടാത്ത പ്രതിഭകൾക്ക് അവസരം നൽകാൻ മുൻ കൈയ്യെടുക്കുന്ന ടീമാണ് കിംഗ്സ് ഇലവൻ പഞ്ചാബ്. വരുൺ ഞങ്ങളുടെ ദീർഘകാല പദ്ധതികളിലുള്ള താരമാണ്. കിംഗ്സ് ഇലവൻ പഞ്ചാബ് പരിശീലകൻ മൈക് ഹെസണിന്റെ സഹായം കൂടി ലഭിക്കുന്നതോടെ വരുൺ കൂടുതൽ അപകടകാരിയാകും.” പ്രീതി സിന്റ പറഞ്ഞുനിർത്തി.