SHARE

കൊറോണ വൈറസ് ബാധ വ്യാപിച്ചതോടെ സ്പെയിലെ ലാ ലി​ഗ മത്സരങ്ങളും മറ്റിവയ്ക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രണ്ടാഴ്ചത്ത മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ ഈ മത്സരങ്ങൾ നീട്ടിവയ്ക്കാനുള്ള ആലോചനയിലേക്ക് സ്പാനിഷ് ഫുട്ബോൾ അധികൃതർ കടന്നെന്നാണ് സൂചന

നേരത്തെ രാജ്യത്ത് ആയിരത്തിലേറെ പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മത്സരങ്ങൾ കാണികളില്ലാതെ നടത്താൻ തീരുമാനിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കൊറോണ കേസുകളുടെ എണ്ണം 2000 കടന്നു. ഇതോടെയാണ് കടുത്ത നിലപാടുകൾ ആലോചനയിലെത്തിയത്. ലാ ലി​ഗയും രണ്ടാം ഡിവിഷനും ഒഴികെയുള്ള എല്ലാ ഫുട്ബോൾ ലീ​ഗുകളും ഇതിനകം നിർത്തിവച്ചതായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. സ്പെയിനിലെ ഫുട്ബോൾ താരങ്ങളുടെ സംഘടനയും മത്സരങ്ങൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ചില ക്ലബുകളും ഇതേ ആവശ്യം ആവർത്തിച്ചുകഴിഞ്ഞു.

അതേസമയം തന്നെ മത്സരങ്ങൾ ആളുകളില്ലാതെ നടത്താം എന്ന നിലപാടിൽ തന്നെയാണിപ്പോഴും ലാ ലി​ഗ അധികൃതരെന്നാണ് സൂചന. എന്നാൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂടി ഇടപെടുന്ന സ്ഥിതിയിൽ ഈ കാര്യത്തിൽ മാറ്റമുണ്ടായേക്കാം. ആവശ്യമെങ്കിൽ ലാ ലി​ഗ സീസൺ തന്നെ റദ്ദാക്കാനും ഫെഡറേഷൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.