SHARE

യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ കളിച്ച താരങ്ങൾ ഐ എസ് എല്ലിലെത്തുന്നതാണ് ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ ദിവസം എ ടി കെ രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളെ ടീമിലെത്തിച്ചിരുന്നു. ഇപ്പോള്‍ ലാലിഗയില്‍ സെവിയ്യയുടെയും മലാഗയുടെയും ഒസാസുനയുടെയും സൂപ്പര്‍ താരമായിരുന്ന മാനുവല്‍ ജീസസ് ഓര്‍ടിസിനെ ടീമിലെത്തിച്ചിരിക്കുന്നത് എഫ് സി പൂണെ സിറ്റിയാണ്.

അതോടൊപ്പം ഓസ്ട്രിയന്‍ താരം മാര്‍കോ സ്റ്റാന്‍കോവിച്ചിനെയും പൂണെ ടീമിലെത്തിച്ചിട്ടുണ്ട്. ക്രൊയേഷ്യന്‍ താരം ദാമിര്‍ ഗാര്‍ജിച്ചിനെയും അര്‍ജന്റീനന്‍ താരം റോബര്‍ട്ടീന്യോയെയും പുറത്താക്കിയാണ് ടീം പുതിയ താരങ്ങളെ ടീമിലെത്തിച്ചത്. 33 കാരനായ സ്പാനിഷ് താരം മാനുവല്‍ ജീസസ് സെവിയ്യയിലാണ് തന്റെ ഫുട്ബോൾ കരിയര്‍ ആരംഭിക്കുന്നത്. പ്രതിരോധതാരമായിരുന്നിട്ട് കൂടി ഗോള്‍ നേടുന്നതാണ് ജീസസിന്റെ പ്രത്യേകത. ഒസാസുനക്കായി 98 മത്സരങ്ങള്‍ കളിച്ച താരം 5 ഗോളുകളാണ് നേടിയിട്ടുള്ളത്.

സ്റ്റാന്‍കോവിച്ചാവട്ടെ, ഓസട്രിയന്‍ ദേശീയ ടീമില്‍ കളിച്ച താരമാണ്. ഓസ്ട്രിയന്‍ വിയന്‍ ക്ലബിന് വേണ്ടി 94 മത്സരങ്ങളില്‍ നിന്ന് ഈ മധ്യനിരതാരം 16 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്തായാലും നിലവില്‍ 10 കളികളില്‍ നിന്ന് 16 പോയന്റോടെ ഐ എസ് എല്ലില്‍ മൂന്നാം സ്ഥാനത്തുള്ള പൂണെ ടീം വിപുലപ്പെടുത്താന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.