SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേക്കേറിയതിന് പിന്നിൽ സ്പെയിനിലെ സങ്കീർണമായ നികുതി സംവിധാനമെന്ന് ലാ ലി​ഗ പ്രസിഡന്റ് ജവിയർ തെബസ്. മാർക്ക ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തെബസ് ഇക്കാര്യം പറഞ്ഞത്.

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഏറ്റവും മോശം നികുതി സംവിധാനമുള്ള സ്പെയിനിലാണ്. റൊണാൾഡോയെ സ്പെയിൻ വിടാൻ പ്രേരിപ്പിച്ച ഒരു കാരണം ഇതാണ്. ഇറ്റലിയൽ ടാക്സ് വ്യവസ്ഥ ഇത്ര പ്രശനമല്ല, അതിനാൽ തന്നെ കൂടുതൽ പണം സമ്പാദിക്കാനാകും, തെബസ് പറഞ്ഞു. മുൻ വർഷങ്ങളിലും റൊണാൾഡോയ്ക്കെതിരെ സ്പെയിനിൽ നികുതിക്കേസുകൾ ഉണ്ടായിരുന്നു. വൻ തുക പിഴയീടാക്കാനും വിധിയുണ്ടായിരുന്നു. നികുതി വ്യവസ്ഥ പ്രശ്നമായതോടെ കഴിഞ്ഞ സീസണിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് മടങ്ങിപ്പോകാൻ റൊണാൾഡോ ശ്രമം നടത്തിയിരുന്നു.

ഒമ്പത് വർഷം സ്പെയിനില് കളിച്ച ശേഷമാണ് റൊണാൾഡോ റയൽ വിടുന്നത്. 2009-ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അന്നത്തെ റിക്കാർഡ് തുകയ്ക്ക് റൊണാൾഡോ മഡ്രിഡിലെത്തുന്നത്. തുടർന്ന് ക്ലബിനൊപ്പം മൂന്ന് തുടർ കിരീടങ്ങളടക്കം നാല് ചാമ്പ്യൻസ് ലീ​ഗ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. റൊണാൾഡോയ്ക്ക് പകരക്കാരനെ തിരയുകയാണ് റയൽ ഇപ്പോഴും, ചെൽസിയുടെ ബെൽജിയൻ താരം ഈഡൻ ഹസാർഡിനാണ് പ്രഥമ പരി​ഗണന.