SHARE

സ്റ്റാർ സ്ട്രൈക്കർ അലെക്സാന്ദ്രെ ലക്കാസെറ്റെ വീണ്ടും ഒളിംപിക് ലിയോണിൽ. ഫ്രഞ്ച് താരമായ ലക്കാസെറ്റെ, അഞ്ച് വർഷത്തെ ഇടവേളയക്ക് ശേഷമാണ് തന്റെ ആദ്യ ക്ലബിലേക്ക് മടങ്ങിയെത്തുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു.

31-കാരനായ ലക്കാസെറ്റെ, സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന താരമാണ്. അഞ്ച് സീസണായി ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ ജേഴ്സിയാണ് ലക്കാസെറ്റെ അണിയുന്നത്. ഇക്കുറി കരാർ അവസാനിച്ചതോടെ താരം ​ഗണ്ണേഴ്സിനോട് വിടപറയുകയായിരുന്നു. തുടർന്നാണിപ്പോൾ മൂന്ന് വർഷത്തെ കരാറിൽ ലക്കാസെറ്റെ ലിയോണിൽ തിരിച്ചെത്തിയത്.

2003-ലാണ് ലക്കാസെറ്റെ ലിയോണിന്റെ അക്കാദമയിലെത്തുന്നത്. 2010-ൽ ക്ലബിനായി സീനിയർ അരങ്ങേറ്റം നടത്തി. എട്ട് സീസണുകളിൽ നിന്നായി 275 മത്സരങ്ങളാണ് ലക്കാസെറ്റെ ലിയോൺ ജേഴ്സിയിൽ കളിച്ചത്, 129 ​ഗോളും ഈ താരം നേടി. അഞ്ച് സീസൺ ആഴ്സനലിൽ കളിച്ചപ്പോൾ 71 ​ഗോളും ലക്കാസെറ്റെ നേടിയിരുന്നു.