SHARE

ഐപിഎല്ലിന്റെ പതിനാലാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി സൂപ്പർ താരമായ‌ സഞ്ജു സാംസണാണ്.‌ കഴിഞ്ഞ സീസണിൽ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ ഇക്കുറി ടീമിൽ നിന്നൊഴിവാക്കിയതിന് ശേഷമാണ് രാജസ്ഥാൻ, സഞ്ജു സാംസണിനെ നായക സ്ഥാനം ഏൽപ്പിച്ചത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ മികച്ച രീതിയിൽ നയിച്ച സഞ്ജു ഈ മികവ് രാജസ്ഥാനൊപ്പവും തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിലൂടെ ഐപിഎൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സഞ്ജു മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണെന്നാണ് രാജസ്ഥാൻ റോയൽസിൽ അദ്ദേഹത്തിന്റെ സഹതാരമായ ജോസ് ബട്ലർ പറയുന്നത്. എന്നാൽ ക്യാപ്റ്റൻസിയിൽ വേണ്ടത്ര മുൻ പരിചയമില്ലാത്തത് ഐപിഎല്ലിൽ അദ്ദേഹത്തിന് വെല്ലുവിളി നൽകുമെന്നും ഇതിനൊപ്പം ഇംഗ്ലീഷ് സൂപ്പർ താരം ചൂണ്ടിക്കാട്ടി.‌ കഴിഞ്ഞ ദിവസം ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിനോട് സംസാരിക്കുകയായിരുന്നു ബട്ലർ.

“സാംസണെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ക്യാപ്റ്റൻസിയിലെ പരിചയക്കുറവായിരിക്കും. സാംസണിന് മികച്ച ക്രിക്കറ്റ് ബുദ്ധിയുണ്ട്. അദ്ദേഹം തന്റെ സഹജവാസനകളെ വിശ്വസിക്കുകയും, ബാറ്റ് കൊണ്ടും, ഗ്ലൗ കൊണ്ടും ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യും.‌ അവനെ സഹായിക്കാനും ഉപദേശം നൽകാനും ഒരു പറ്റം സീനിയർ താരങ്ങൾ അടുക്കലുണ്ടാകും.” ബട്ലർ പറഞ്ഞു നിർത്തി.