SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരം ഇടം കൈയ്യൻ പേസർ ടി നടരാജൻ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി കളിക്കുമെന്നായിരുന്നു നേരത്തെ സൂചനകൾ വന്നിരുന്നത്‌. ഉമേഷ് യാദവിന് പരിക്കേറ്റ സാഹചര്യത്തിൽ നടരാജനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐയോട്, ഇന്ത്യൻ മാനേജ്മെന്റ് ആവശ്യപ്പെടുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതും. എന്നാൽ ഇപ്പോളിതാ നടരാജൻ മൂന്നാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത കുറവാണെന്ന് സൂചനകൾ പുറത്ത് വന്നിരിക്കുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കാര്യമായ മത്സരപരിചയമില്ലാത്ത നടരാജന് പകരം വലം കൈയ്യൻ പേസർ ഷർദുൽ താക്കൂറിനെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യതകളെന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്. നടരാജൻ വളരെ വേഗം അന്താരാഷ്ട്ര ക്രിക്കറ്റുമായി ഇണങ്ങിച്ചേർന്നെങ്കിലും, ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച് പരിചയമുള്ള അദ്ദേഹത്തിനേക്കാൾ, മുംബൈയ്ക്ക് വേണ്ടി വർഷങ്ങളായി റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്ന ഷർദുൽ താക്കൂറിനെ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടു വരനാണ് ടീം മാനേജ്മെന്റ് താല്പര്യപ്പെടുന്നതെന്ന് ബിസിസിഐ വൃത്തങ്ങളിലൊരാൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുകയായിരുന്നു.

അതേ സമയം 2018 ൽ വെസ്റ്റിൻഡീസിനെതിരെ, ഹൈദരാബാദിൽ വെച്ചു നടന്ന മത്സരത്തിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷർദുൽ താക്കൂർ‌. എന്നാൽ ‌മറക്കാൻ മാത്രം ആഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു അദ്ദേഹത്തിന്റേത്. മത്സരത്തിൽ വെറും 10 ബോളുകൾ എറിഞ്ഞപ്പോളേക്കും പരിക്കേറ്റ താരം പിന്നാലെ കളി മതിയാക്കി മൈതാനം വിടുകയായിരുന്നു.