SHARE

ഇന്ത്യൻ ടീമിൽ ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ കഴിയാത്തതാണ് ഈ സീസൺ ഐപിഎല്ലിലെ തന്റെ മങ്ങിയ ഫോമിന് കാരണമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്റ്റാർ പേസർ ഉമേഷ് യാദവ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

ഇന്ത്യൻ ടീമിലെടുക്കുകയും 2, 3 മത്സരങ്ങൾ കളിച്ചതിന് ശേഷം വീണ്ടും ടീമിൽ നിന്നും തഴയുകയും ചെയ്യുന്നത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, നമ്മുടെ പ്രകടനത്തെ പിന്നോട്ടടിക്കാൻ അത് കാരണമാകുമെന്നും ഉമേഷ് അഭിപ്രായപ്പെടുന്നു. ഉമേഷിന്റെ വാക്കുകൾ ഇങ്ങനെ, ” എല്ലാവരും ഞാൻ നന്നായി ബോൾചെയ്യുന്നില്ലെന്ന് മാത്രമാണ് പറയുന്നത്, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കഴിഞ്ഞ രണ്ട് വർഷങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റ് മത്സരങ്ങളിലും താൻ കളിക്കാറുണ്ട്.

എന്നാൽ ഇന്ത്യൻ ടീമിലെടുക്കുമ്പോളൊക്കെ 2, 3 മത്സരങ്ങൾ കളിച്ചതിന് ശേഷം തന്നെ വീണ്ടും തഴയും. ഇത് എന്റെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നതാണ് പലരുടേയും പരാതി. അന്നാൽ അങ്ങനെയല്ല, ഇത് എല്ലാ ബോളർമാർമാരും നേരിടുന്ന പ്രശ്നമാണ്. ” ഉമേഷ് യാദവ് പറഞ്ഞുനിർത്തി.