SHARE

യുവേഫ സൂപ്പര്‍ കപ്പില്‍ ലിവര്‍പൂളും ചെല്‍സയും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ആവേശത്തിലാണ് ഇരു ടീമുകളുടേയും ആരാധകര്‍. എന്നാല്‍ മറ്റൊരു ചരിത്ര നിമിഷത്തിനുകൂടിയാണ് മത്സരം സാക്ഷ്യം വഹിക്കുക. ഈ മത്സരം നിയന്ത്രിക്കുക വനിത റഫറി ആയിരിക്കും. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി ഫ്രെപ്പാര്‍ട്ടിനാണ് ആ ചരിത്ര നിയോഗം. 35 കാരിയായ ഫ്രപ്പാര്‍ട്ടിനെ അസിസ്റ്റ് ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്നു തന്നെയുള്ള മാനുവേല നിക്കോലാസിയും അയര്‍ലണ്ട് സ്വദേശിനി മിച്ചല്‍ നെയ്‌ലും ആയിരിക്കും.

ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പ നിയന്ത്രിച്ചിരുന്നത് ഇവര്‍ മൂന്നുപേരുമായിരുന്നു. തങ്ങള്‍ക്കു ഭയമൊന്നുമില്ലെന്നും പുരുഷ റഫറിമാര്‍ക്കൊപ്പം മികച്ചവരാണ് തങ്ങള്‍ എന്നു തെളിയിക്കുവാനുള്ള അവസരമാണിതെന്നും തങ്ങള്‍ അതു തെളിയിക്കുമെന്നും ഫ്രെപ്പാര്‍ട്ട് മാധ്യമങ്ങളോടു പറഞ്ഞു.

വനിതാ റഫറിമാര്‍ മത്സരം നിയന്ത്രിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് ലിവര്‍പൂള്‍ മാനേജര്‍ ജുര്‍ഗണ്‍ ക്ലോപ്പും രംഗത്തെത്തി. ആ ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ തങ്ങളുടെ മികവ് തെളിയിക്കുമെന്നും ആ നിമിഷങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ക്ലോപ്പ് പറഞ്ഞു.