SHARE

സെൽറ്റ വിഗോക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ ഈ സീസണിലെ ലാലീഗ കിരീട പ്രതീക്ഷകൾ അവസാനിച്ചു. ഇന്നലെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകൾ ഏറ്റു വാങ്ങി കറ്റാലൻ ക്ലബ്ബ് പരാജയത്തിലേക്ക് വീണത്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ ഒസാസൂനക്കെതിരെ ആവേശം ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ്, ലാലീഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള 2 പോയിന്റ് ലീഡ് നിലനിർത്തി. ഒസാസൂനക്കെതിരായ മത്സരത്തിൽ പരാജയം മുന്നിൽ കണ്ടതിന് ശേഷമായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ അവിശ്വസനീയ വിജയം. 75-ം മിനുറ്റിൽ ഒസാസൂന ലീഡെടുത്ത മത്സരത്തിന്റെ 82-ം മിനുറ്റിൽ ലോഡിയുടെ ഗോളിൽ സമനില പിടിച്ച അത്ലറ്റിക്കോയ്ക്ക് 88-ം മിനുറ്റിൽ ലൂയി സുവാരസ് നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്.

ഇന്നലെ തന്നെ നടന്ന ‌മറ്റൊരു മത്സരത്തിൽ അത്ലറ്റിക്ക് ക്ലബ്ബിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഈ വിജയത്തോടെ ലാലീഗ കിരീട പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ റയലിനായി.

നിലവിൽ അത്ലറ്റിക്കോക്ക് 83 പോയിന്റുകളും, റയൽ മാഡ്രിഡിന് 81 പോയിന്റുകളുമാണുള്ളത്. ഇരുവർക്കും ശേഷിക്കുന്നത് ഒരു മത്സരവും. അത്ലറ്റിക്കോ അവസാന മത്സരത്തിൽ റയൽ വലഡോലിഡിനെ നേരിടുമ്പോൾ, റയലിന്റെ എതിരാളികൾ വിയ്യാ റയലാണ്. അത്ലറ്റിക്കോ അവസാന മത്സരത്തിൽ വിജയം നേടിയാൽ അവർക്കാകും ലാലീഗ കിരീടം. എന്നാൽ അത്ലറ്റിക്കോ പരാജയപ്പെടുകയോ, സമനില വഴങ്ങുകയോ ചെയ്യുകയും, റയൽ മാഡ്രിഡ് വിയ്യാ റയലിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ലാലീഗ വീണ്ടും റയലിന് സ്വന്തമാകും.