SHARE

നാലാം സീസണ്‍ ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയെങ്കിലും ടീമിന് വേണ്ടി മിന്നുന്ന പ്രകടനമാണ് യുവതാരം ലാല്‍റുവത്താര കാഴ്ച്ച വെച്ചത്. ആരാധകരുടെയും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കയ്യടി നേടിയ യുവതാരം നിലവില്‍ ഇന്റര്‍ കോണ്ടിനന്റല്‍ ചതുര്‍ രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ മുംബൈയിലാണ് കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലന്‍ഡ് എന്നിവര്‍ കൂടി പങ്കെടുക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ആരംഭിക്കുന്നത്.

ഐ എസ് എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയ പ്രകടനം ലാല്‍റുവത്താരക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാനുള്ള അവസരം നല്‍കിയിരുന്നു. ഏഷ്യാ കപ്പ് യോഗ്യതയിലെ അവസാന മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെയാണ് യുവ പ്രതിരോധ താരം അരങ്ങേറിയത്. എന്നാല്‍ നേരത്തെ, യോഗ്യത ഉറപ്പിച്ചതിനാല്‍ അതത്ര പ്രധാനപ്പെട്ട മത്സരമായിരുന്നില്ല. ഇന്ത്യ മത്സരത്തിൽ 2-1ന് പരാജയപ്പെടുകയും ചെയ്തു. ഇപ്പോഴിതാ, ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് റുവത്താര.

‘ വളരെ മികച്ച സീസണായിരുന്നു ഇത് എനിക്ക്, ദേശീയ ടീമില്‍ അരങ്ങേറാനും അവസരം ലഭിച്ചു, വലിയൊരു സ്വപ്‌നമായിരുന്നു അത്, എന്നാല്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിക്കുകയെന്ന് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, അതിനു വേണ്ടി മികച്ച അധ്വാനമാണ് നടത്തുന്നത്, പരിശ്രമങ്ങള്‍ വിജയം കാണുമെന്നാണ് പ്രതീക്ഷ’ – റുവത്താര പറഞ്ഞു. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശയും താരം പങ്കുവെച്ചു.

‘ താരതമ്യേനെ എളുപ്പമായ ഗ്രൂപ്പിലാണ് നമ്മള്‍ ഏഷ്യാ കപ്പ് കളിക്കുന്നത്, ഗ്രൂപ്പ് ഘട്ടം കടക്കാനാവുമെന്ന് തന്നെയാണ് കരുതുന്നത്, അതിനായി കഠിനാധ്വാനം ചെയ്യുകയാണ് ടീം’ – യുവതാരം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ആതിഥേയരായ യു എ ഇ, തായ്‌ലന്‍ഡ്, ബഹ്‌റെയ്ന്‍ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പമുള്ളത്. ജനുവരി 6ന് തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.