SHARE

ചെൽസി പരിശീലകനെന്ന നിലയിലെ ആദ്യ മത്സരത്തിൽ ഇതിഹാസതാരം ഫ്രാങ്ക് ലാംപാർഡിന് വിജയമില്ല. എറിഷ് ക്ലബ് ബൊഹീമിയൻസിനോട് ചെൽസി സമനില വഴങ്ങിയതോടെയാണിത്.

പ്രീസീസൺ ടൂർണമെന്റിനായി അയർലൻഡിലാണ് ചെൽസി ഇപ്പോൾ. ഇന്നലെ ബൊഹീമിയൻസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ സൂപ്പർ താരം മിഷി ബാറ്റ്ഷുവായിലൂടെ ചെൽസി എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടിയതാണ്. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ എറിക്ക് മൊളോയ് നേടിയ ​ഗോളിലൂടെ ബൊഹീമിയൻസ് സമനില പിടിച്ചെടുക്കുകയായിരുന്നു.

മത്സരഫലം സമനിലയായതോടെ ചെൽസിയിൽ വിജയത്തോടെ തുടങ്ങാമെന്ന ലാംപാർഡിന്റെ മോഹം പൊലിഞ്ഞു. എങ്കിലും പരിശീലനമത്സരമായതിനാൽ ഇരുപകുതികളിലുമായി സ്ക്വാഡിലെ ഏതാണ്ടെല്ലാ കളിക്കാരേയും ഇറക്കി കുറ്റങ്ങളും കുറവുകളും കണ്ടെത്താനായിരുന്നു ലാംപാർഡിന്റെ പദ്ധതി

മൗറീഷ്യോ സാരിയുടെ പകരക്കാരനായാണ് ലാംപാർഡ് ചെൽസി പരിശീലകനാകുന്നത്. നേരത്തെ ഒരു പതിറ്റാണ്ടിലേറെ ചെൽസിയിൽ കളിച്ച ലാംപാർഡ് ടീമിന്റെ എക്കാലത്തേയും മികച്ച ​ഗോൾവേട്ടക്കാരനാണ്. രണ്ടാം ഡിവിഷൻ ക്ലബയ ഡെർബി കൗണ്ടിയുടെ പരിശീലകസ്ഥാനത്തുനിന്നാണ് ചെൽസിയിലേക്കുള്ള വരവ്.