SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയിൽ അടുത്ത സീസണിലും പരിശീലകനായി തുടർന്നാൽ ഫ്രാങ്ക് ലാംപാർഡ് ഒട്ടേറെ താരങ്ങളെ ഒഴിവാക്കുമെന്ന് സൂചന. ഹക്കീം സിയാച്ചടക്കമുള്ള പുതിയ താരങ്ങൾ എത്തുന്നതോടെ ടീമിനെ ഉടച്ചുവാർക്കാനായി സീനിയർ താരങ്ങളടക്കമുള്ള എട്ട് പേരെ വിൽക്കാനാണ് ലാംപാർഡ് ആലോചിക്കുന്നത്.

ക്ലബ് വൈസ് ക്യാപ്റ്റൻ ജോർജിന്യോ, തേർഡ് ക്യാപ്റ്റൻ വില്യൻ, പെഡ്രോ, മധ്യനിരതാരം റോസ് ബർക്കലി, പ്രതിരോധതാരങ്ങളായ മാർക്കോസ് അലോൺസോ, കോർട്ട് സോമ, എമേഴ്സൻ പാൽമിയേരി, ​ഗോളി കേപ്പാ അരിസാബലാ​ഗ എന്നിവരെ വിൽക്കാനാണ് ലാംപാർഡ് ആ​ഗ്രഹിക്കുന്നതെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തത്.

ഇക്കുറി കരാർ അവസാനിക്കുന്ന പെഡ്രോ, വില്യൻ തുടങ്ങിയ സീനിയർ താരങ്ങളെ ഒഴിവാക്കാൻ ചെൽസി നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ സീസണിൽ മാത്രം ടീമിലെത്തി ഇക്കുറി വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ജോർജിന്യോ അടുത്തിടെയാണ് ലാംപാർഡിന് താൽപര്യമില്ലാത്ത താരമായി മാറിയത്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനവുമായി ജോർജിന്യോ കളം നിറഞ്ഞെങ്കിലും പതിയെ പതിയെ താരത്തിന്റെ പ്രകടനം ശരാശരി നിലവാരത്തിലേക്ക് ഒതുങ്ങിയതാണ് ലാംപാർഡിന്റെ താൽപര്യക്കുറവിന് കാരണം

ചെൽസി പ്രതിരോധനിര സമീപകാലത്ത് വലിയ വിമർശനമാണ് നേരിടുന്നത്. മികച്ച ഒരു സെന്റർ ബാക്കിന്റേയും ലെഫ്റ്റ് ബാക്കിന്റേയും അഭാവം ചെൽസിയിൽ പ്രകടമാണ്. ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. അതിനാൽ തന്നെയാണ് അലോൺസോ, എമേഴ്സൻ എന്നീ രണ്ട് ലെഫ്റ്റ് ബാക്കുകളേയും ഒഴിവാക്കാൻ ലാംപാർഡ് ആലോചിക്കുന്നത്.

ലാംപാർഡിന് ഒഴിവാക്കാൻ താൽപര്യമില്ലെങ്കിലും ഫ്രഞ്ച് മധ്യനിരതാരം എൻ​ഗോളോ കാന്റെയും അടുത്ത സീസണിൽ ചെൽസി വിടാൻ സാധ്യതയുണ്ട്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് കാന്റെയ്ക്കായി നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോൾ‍ കാന്റെ പരുക്കിന്റെ പിടിയിലായതിനാൽ റയൽ ഒന്ന് പിൻവലിഞ്ഞിരിക്കുകയാണ്.