SHARE

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലന മൈതാനമാണ് മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്ക്. അടുത്ത മാസം പകുതിയോടെ മുംബൈ ഇന്ത്യൻസ് ഇവിടെ ഐപിഎൽ മുന്നൊരുക്കങ്ങൾ നടത്താനിരിക്കുകയാണ്. എന്നാൽ ഇപ്പോളിതാ ഇതിനും ഒരു മാസം മുന്നേ ഈ മൈതാനം ഏറ്റെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെയർ.

പ്രീസീസൺ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ലങ്കാഷെയർ പരിശീലനം നടത്തുന്നത് മുംബൈ ഇന്ത്യൻസിന്റെ മൈതാനമായ റിലയൻസ് കോർപ്പറേറ്റ് പാർക്കിലാണ്. ഫെബ്രുവരി 14 മുതൽ 22 വരെയാകും അവർ ഈ മൈതാനത്ത് പരിശീലിക്കുക. ഇതാദ്യമായാണ് ലങ്കാഷെയർ ടീം പുറത്ത് പരിശീലനം നടത്തുന്നത്‌.‌

ലങ്കാഷെയർ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് മൊത്തം 13 താരങ്ങളാണ് പരിശീലനത്തിനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. ടീം മുംബൈ ഇന്ത്യൻസിന്റെ പരിശീലന ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ലങ്കാഷെയർ ടീംപുറത്ത് വിട്ടിട്ടുണ്ട്. മുംബൈയിലെ പരിശീലനത്തിനിടെ റിലയൻസ് ഇലവനുമായി പ്രദർശന‌ ടി20 മത്സരവും ലങ്കാഷെയർ ടീം കളിക്കും.