SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും ശ്രീലങ്ക തകര്‍ന്നു. വിന്‍ഡീസിനെ 204 റണ്‍സില്‍ ഒതുക്കിയെങ്കിലും ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് വെറും 154 റണ്‍സില്‍ ഒതുങ്ങി. 42 റണ്‍സെടുത്ത ദിക്‌വാല മാത്രമാണ് പൊരുതിയത്. ലങ്കയുടെ അവസാന നാലു വിക്കറ്റുകള്‍ വെറും ഏഴു റണ്‍സിനാണ് വീണത്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ നാലും ഷാനോണ്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഒരുഘട്ടത്തില്‍ ആറിന് 147 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക. ആഞ്ഞുപിടിച്ചാല്‍ ലീഡ് നേടാമെന്ന അവസ്ഥ. എന്നാല്‍ ദിക്‌വാലയെ ഡെവണ്‍ സ്മിത്തിന്റെ കൈകളിലെത്തിച്ച് ഹോള്‍ഡര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പിന്നാലെ വാലറ്റം പൊരുതാതെ കീഴടങ്ങുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ജയിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.