SHARE

ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന ലങ്ക പ്രീമിയർ ലീഗിന് മുന്നോടിയായി നടക്കുന്ന വിദേശ താരങ്ങളുടെ ഡ്രാഫ്റ്റ് പട്ടികയിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഇടം പിടിച്ചത് വലിയ വാർത്തയായിരുന്നു. ഇർഫാൻ ഉൾപ്പെടെ മൊത്തം 70 വിദേശ താരങ്ങളോളം ടൂർണമെന്റിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം.

ഓഗസ്റ്റ് 28 ന് ആരംഭിക്കാനിരിക്കുന്ന‌ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കാനുള്ള അനുവാദം ഇർഫാന്, ബിസിസിഐ നൽകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഈ വർഷം ജനുവരിയിൽ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച ഇർഫാനെ ഒരിക്കൽക്കൂടി ക്രിക്കറ്റ് കളത്തിൽ കാണാൻ ആരാധകർക്ക് കഴിയും.

-Advertisement-

അതേ സമയം ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിന്റെ ഡ്രാഫ്റ്റിൽ ഇടം പിടിക്കാനുള്ള പ്രധാന കാരണം മുൻ ശ്രീലങ്കൻ ഓൾ റൗണ്ടറും, ഇർഫാന്റെ സുഹൃത്തുക്കളിൽ ഒരാളുമായ പർവേസ് മഹറൂഫാണ്. കഴിഞ്ഞയിടയ്ക്ക് താൻ പരിശീലനം നടത്തുന്നതിന്റെ വീഡിയോ സമൂഹ ‌മാധ്യമങ്ങളിൽ ഇർഫാൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ മറുപടിയുമായി പർവേസ് മഹറൂഫെത്തി. തുടർന്ന് രണ്ട് പേരും പോസ്റ്റിന് താഴെ നടത്തിയ സംസാരങ്ങൾക്കൊടുവിൽ ലങ്ക പ്രീമിയർ ലീഗിന്റെ ഡ്രാഫ്റ്റിൽ ഇർഫാനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മഹറൂഫ് ഇന്ത്യൻ താരത്തോട് തന്നെ‌ ചോദിക്കുകയായിരുന്നു. ഇർഫാനാകട്ടെ മഹറൂഫിനോട് ഇക്കാര്യത്തിൽ സമ്മതം മൂളുകയും ചെയ്തു.