SHARE

ലോകകപ്പിലെ ത്രില്ലിംഗ് മത്സരങ്ങളിലൊന്നിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ്‌ ഇപ്പോൾ ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ 20 റൺസിനായിരുന്നു ലങ്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 232/9 എന്ന സ്കോർ പടുത്തുയർത്തിയ ലങ്ക, എതിരാളികളെ 212 റൺസിൽ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായുള്ള ഇരു ടീമുകളുടേയും ഫോം വെച്ച് നോക്കുമ്പോൾ അട്ടിമറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ജയമായിരുന്നു ഇന്നലെ ലങ്ക നേടിയത്.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നിർണായകമായത് എന്താണെന്ന് ലങ്കൻ നായകൻ ദിമുത് കരുണരത്നെ വെളിപ്പെടുത്തി. നന്നായി കളിച്ച് വന്ന് ജോ റൂട്ടിന്റെ പുറത്താകലാണ് മത്സരത്തിൽ നിർണായകമായതെന്ന് കരുണരത്നെ പറയുന്നു. ശ്രീലങ്കയുടെ ആത്മവിശ്വാസം റൂട്ടിന്റെ പുറത്താകലോടെ വർധിച്ചെന്ന് അഭിപ്രായപ്പെട്ട ലങ്കൻ നായകൻ, തനിക്ക് ആ റിവ്യൂവിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും, എന്നിട്ടും അതുമായി മുന്നോട്ട് പോവുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ച ലസിത് മലിംഗയേയും, ധനഞ്ജയ ഡിസിൽ വയേയും അഭിനന്ദിക്കാനും സംസാരത്തിനിടെ കരുണരത്നെ മറന്നില്ല. ഇവർക്കൊപ്പം ഏഞ്ചലോ മാത്യൂസിന്റെ ബാറ്റിംഗ് പ്രകടനത്തേയും പ്രശംസിച്ച അദ്ദേഹം ഒരു ക്യാപ്റ്റനെന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന വിജയമാണിതെന്നും പറഞ്ഞു.