SHARE

ശ്രീലങ്കൻ ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ട് അന്തരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം ഇസുറു ഉഡാന. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ശ്രീലങ്ക് പരമ്പരയിൽ ലങ്കൻ ജേഴ്സിയണിഞ്ഞ താരമാണിപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടങ്കൈയ്യൻ പേസറായ ഉഡാന, കഴിഞ്ഞ ദിവസം ലങ്കൻ ക്രിക്കറ്റ് അധികൃതർക്ക് അയച്ച കത്തിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരായ ടി20 പരമ്പരയോടെ ലങ്ക വിജയവഴിയിൽ തിരിച്ചെത്തിയതിന് പിന്നാലെ ഉഡാന വിരമിക്കൽ പ്രഖ്യാപിച്ചത് പലരേയും ഞെട്ടിച്ചു. ഉഡാനയ്ക്ക് പ്രായം 33 വയസേ ആയുള്ളുവെന്നതും ഈ അമ്പരപ്പിന് കാരണമായി. എന്നാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ഉ‍ഡാന ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സൂചനയുണ്ട്.

2009-ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഉഡാനയുടെ ടി20 അരങ്ങേറ്റം. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിനത്തിലും ഉഡാന ആദ്യമായി പാഡുകെട്ടി. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഉഡാന ആ​ഭ്യന്തര ക്രിക്കറ്റിൽ തുടരും.