SHARE

ഐ.പി.എല്ലിൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുകയാണ് ചെന്നൈ സൂപ്പർകിങ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ കീഴിൽ ഇക്കുറി ഐ.പി.എൽ കിരീടമാണ് ചെന്നൈ ആരാധകർ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ അത് നടന്നില്ലെന്ന് മാത്രമല്ല, നാണം കെട്ട അവസ്ഥയിലുമാണ് ചെന്നൈ ആരാധകർ.

സൂപ്പർതാരം സുരേഷ് റെയ്ന, ഐ.പി.എല്ലിന് തൊട്ടുമുമ്പ് നാട്ടിലേക്ക് മടങ്ങിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്. ഒപ്പം മറ്റ് പല പ്രശ്നങ്ങളും ടീമിലുണ്ടെന്നാണ് സൂചന. എന്നാൽ ഇതിനിടെ ആവശ്യത്തിന് യുവതാരങ്ങൾ ടീമിലില്ലാത്തതാണ് ചെന്നൈയിന്റെ ദയനീയ പ്രകടനത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇതിഹാസതാരം ബ്രയാൻ ലാറ.

എനിക്ക് തോന്നുന്നത്, ചെന്നൈയ്ക്കുള്ളത് ഏറെയും പ്രായമേറിയ താരങ്ങളാണ്, അവരുടെ ലൈനിപ്പ് പരിശോധിച്ചാൽ യുവതാരങ്ങളെ അങ്ങനെ കാണാനാവില്ല, അവരുടെ വിദേശതാരങ്ങളും കുറേ നാളുകളായി ടീമിനൊപ്പമുള്ളവരാണ്, യുവത്വത്തേക്കാൾ പരിചയസമ്പത്തിനാണ് ചെന്നൈ പ്രധാന്യം കൊടുത്തത്, അത് അവർക്ക് സീസണിൽ വലിയ തിരിച്ചടിയായി, സ്റ്റാർ സ്പോർട്സിനോട് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ പറഞ്ഞു.

ഐ.പി.എല്ലിൽ 12 മത്സരങ്ങൾ വീതം പൂർത്തായപ്പോൾ ചെന്നൈ അവസാനസ്ഥാനത്താണ്. നാല് മത്സരങ്ങൾ മാത്രം ജയിച്ച ചെന്നൈയ്ക്ക് എട്ട് പോയിന്റാണുള്ളത്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായാണ് ചെന്നൈയുടെ മത്സരം.