SHARE

അടുത്ത വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ നിലനിർത്തേണ്ട 3 താരങ്ങൾ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ഈ സീസണോടെ ഐപിഎൽ ക്യാപ്റ്റൻസി മതിയാക്കിയ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി, ഇക്കുറി ടീമിനായി ഉജ്ജ്വല ബാറ്റിംഗ് കാഴ്ച വെച്ച ഗ്ലെൻ മാക്സ്‌വെൽ, യുവ ഓപ്പണർ ദേവ്ദത്ത് പടിക്കൽ എന്നിവരെയാണ് ബാംഗ്ലൂർ നിലനിർത്തേണ്ട 3 കളികാരായി ലാറ തിരഞ്ഞെടുക്കുന്നത്. എന്നാൽ 2011 മുതൽ ബാംഗ്ലൂരിന്റെ താരമായ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെ നിലനിർത്തപ്പെടേണ്ട ബാംഗ്ലൂർ താരങ്ങളുടെ ലിസ്റ്റിൽ നിന്ന് ലാറ തഴഞ്ഞത് തീർത്തും അപ്രതീക്ഷിതമായി.

വിരാട് കോഹ്ലി എവിടെപ്പോയാലും വിജയിക്കുന്ന കളികാരനാണെന്ന് പറയുന്ന ലാറ അദ്ദേഹത്തെ ബാംഗ്ലൂർ ഉറപ്പായും നിലനിർത്തുമെന്ന് പറയുന്നു‌‌. മാക്സ്‌വെല്ലിനെ രണ്ടാം ചോയിസായി ടീം നിലനിർത്തണമെന്നും, പടിക്കലിനെപ്പോലൊരു കളികാരനായിരിക്കണം മൂന്നാമത് നിലനിർത്തപ്പെടേണ്ടതെന്നും ക്രിക്കറ്റ് ഡോട്ട് കോമിനോട് സംസാരിക്കവെ ലാറ വ്യക്തമാക്കി.

പ്രായമേറി വരുകയും, റൺസ് നേടാതിരിക്കുകയും ചെയ്യുന്ന‌ എബി ഡിവില്ലിയേഴ്സിനെ എന്തിനാണ് ബാംഗ്ലൂർ നിലനിർത്തുന്നതെന്ന് ലാറ ചോദിക്കുന്നു. വർഷത്തിൽ ആറാഴ്ച മാത്രം ക്രിക്കറ്റ് കളിക്കുന്ന ഡിവില്ലിയേഴ്സ് ഐപിഎൽ അടുത്തെമ്പോളൊക്കെ മത്സരങ്ങൾക്കായി തയ്യാറായിരിക്കുമെന്ന് കരുതുന്നുവെങ്കിൽ മാത്രം അദ്ദേഹത്തെ ടീമിൽ നിലനിർത്താമെന്ന് ഇതിനൊപ്പം അഭിപ്രായപ്പെട്ട ലാറ, ടി20 ക്രിക്കറ്റ് ഒട്ടും എളുപ്പമല്ലെന്നും, ഐപിഎൽ ലോകത്തെ ഏറ്റവും മികച്ച ലീഗാണെന്നും കൂട്ടിച്ചേർത്തു.