SHARE

പാകിസ്ഥാനിൽ അവർക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന, ടി20 പരമ്പരയിൽ കളിക്കാനില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കൻ സൂപ്പർ താരങ്ങൾ രംഗത്ത്. ലസിത് മലിംഗ ഉൾപ്പെടെയുള്ള പത്ത് ലങ്കൻ താരങ്ങളാണ് പാകിസ്ഥാനിൽ കളിക്കാൻ തങ്ങളില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

പാകിസ്ഥാനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ സജീവമാക്കി കൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിക്കുമെ‌‌ന്ന് കരുതപ്പെടുന്ന പരമ്പരയാണ് ശ്രീല‌ങ്ക യ്ക്കെതിരെ നടക്കാനിരിക്കുന്നത്. ഈ മാസം 27 ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. നേരത്തെ ഈ പരമ്പര തീരുമാനമായതിന് പിന്നാലെ തന്നെ മലിംഗ, ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്നെ എന്നിവർ പാകിസ്ഥാനിൽ കളിക്കുന്നതിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം പാകിസ്ഥാൻ പര്യടനത്തെക്കുറിച്ച് താരങ്ങളുമായി ചർച്ച ചെയ്യാൻ ശ്രീല‌ങ്കൻ ക്രിക്കറ്റ് ബോർഡ് മീറ്റിംഗ് വിളിച്ചിരുന്നു.‌ പാകിസ്ഥാനിൽ കളിക്കുമ്പോൾ പൂർണ സുരക്ഷ ഉറപ്പാക്കാമെന്ന് ചർച്ചയ്ക്കിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയെങ്കിലും താരങ്ങൾ, തങ്ങൾ പാകിസ്ഥാനിൽ കളിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിന്നു.

മലിംഗ, മാത്യൂസ്, കരുണരത്നെ, ദിനേഷ് ചണ്ടിമാൽ, സുരംഗ ലക്മൽ, തിസാര പെരേര, അഖില‌ധനഞ്ജയ, ധനഞ്ജയ ഡിസിൽ വ, കുശാൽപെരേര, നിറോഷൻ ഡിക്ക് വെല്ല എന്നീ 10 താരങ്ങളാണ് പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചത്. അതേ സമയം ലങ്കൻ താരങ്ങളുടെ ഈ നിലപാട് പാക് ക്രിക്കറ്റ് ബോർഡിനും പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികൾക്കുമാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്ക‌ പാകിസ്ഥാനിൽ കളിക്കാനെത്തുന്ന‌ കാര്യവും അനിശ്ചിതത്വത്തിലാണ്.