SHARE

ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് വലം കൈയ്യൻ പേസ് ബൗളറായ ലസിത് മലിംഗ. 2014 ൽ ശ്രീലങ്ക‌ ടി20 ലോകകിരീടമുയർത്തുമ്പോൾ അവരുടെ നായകനായിരുന്ന മലിംഗ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. 2020 മാർച്ചിന് ശേഷമാകട്ടെ ടി20 യിലും ലങ്കയ്ക്കായി അദ്ദേഹം കളിച്ചിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിലധികമായി‌ ശ്രീലങ്കൻ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത മലിംഗ, ടി20 ക്രിക്കറ്റിലും ഇനി കളിക്കുന്ന കാര്യം സംശയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കവെ ഇപ്പോളിതാ അദ്ദേഹം ഇപ്പോളും അവരുടെ ടീം പദ്ധതികളിലുണ്ടെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു. മുപ്പത്തിയേഴുകാരനായ മലിംഗയെ ടീമിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനേയും, ടീമിന്റെ ബോളിംഗ് ആക്രമണത്തെ അതിലൂടെ മാരകവും, ഭയപ്പെടുത്തുന്നതുമാക്കി മാറ്റുന്നതിനേയും കുറിച്ച് ശ്രീലങ്കൻ സെലക്ടർ ആലോചിക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് തയ്യാറാക്കിയ പദ്ധതികളിൽ മലിംഗയുമുണ്ടെന്നുമാണ് വിവിധ ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ട്.

ത‌ങ്ങളുടെ മുൻ നായകൻ കൂടിയായ മലിംഗയെ വീ‌ണ്ടും ടി20 ടീമിന്റെ ഭാഗമാക്കാൻ താല്പര്യപ്പെടുന്ന ശ്രീലങ്കൻ സെലക്ടർമാർ, മലിംഗയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ലങ്കൻ ടീമിലേക്ക് താരം തിരിച്ചു വരുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം മോണിംഗ് ദിനപത്രത്തോട് സംസാരിക്കവെ ശ്രീലങ്കൻ ദേശീയ സെലക്ഷൻ കമ്മറ്റി ചെയർമാൻ പ്രമോദ്യ വിക്രമസിംഗെ വ്യക്തമാക്കിയത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഉൾപ്പെടെ ശ്രീലങ്കയുടെ വരാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള ടീം പദ്ധതികളിൽ മലിംഗയുണ്ടെന്ന് അദ്ദേഹം സൂചന നൽകിയതോടെ സൂപ്പർ താരം ഇനിയും ഏറെ നാൾ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.