SHARE

ന്യൂസിലൻഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മൂന്നാംടി20 യിൽ മിന്നും ബോളിംഗ് പ്രകടനമായിരുന്നു ലങ്കൻ താരം ലസിത് മലിംഗ കാഴ്ച വെച്ചത്. മത്സരത്തിൽ ഹാട്രിക്കുൾപ്പെടെ തുടർച്ചയായി നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ, 4 ഓവറുകളിൽ 6 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

മൂന്നാം ടി20 യിൽ കിവീസിനെ തകർത്ത ഈ പ്രകടനത്തോടെ ടി20 റാങ്കിംഗിൽ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് ഇപ്പോൾ മലിംഗ. നേരത്തെ ബോളർമാരുടെ ഐസിസി ടി20 റാങ്കിംഗിൽ 41-മതായിരുന്ന മലിംഗ ഇന്നലത്തെ മത്സരത്തിന് ശേഷം 20 സ്ഥാനങ്ങൾ മുന്നിലേക്ക് കയറി 21-മതെത്തി. മത്സരത്തിൽ മൊത്തം അഞ്ച് വിക്കറ്റുകളെടുത്ത മലിംഗ, അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ പുരുഷതാരവുമായി.

പാകിസ്ഥാന്റെ ബാബർ അസമാണ് ഐസിസി ടി20 റാങ്കിംഗിൽ ബാറ്റ്സ്മാന്മാരിൽ ഒന്നാമതുള്ളത്. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ രണ്ടാമതും, കിവീസിന്റെ കോളിൻ മൺ റോ മൂന്നാമതുമുണ്ട്. ബോളർമാരിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാമത്. പാകിസ്ഥാൻ താരങ്ങളായ ഇമാദ് വസീം, ഷദബ് ഖാൻ എന്നിവർ രണ്ടും, മൂന്നുംസ്ഥാനങ്ങളിലുണ്ട്‌.